01:03am 19 November 2026
NEWS
പുനർജനി അന്വേഷണം അവസാനിപ്പിച്ചതിനെതിരെ ഹർജി; ചീഫ് ജസ്റ്റിസിന് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
17/11/2026  07:52 AM IST
നിയമകാര്യലേഖകൻ
പുനർജനി അന്വേഷണം അവസാനിപ്പിച്ചതിനെതിരെ ഹർജി; ചീഫ് ജസ്റ്റിസിന് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ‘പുനർജനി’ പ്രളയ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദിനുമെതിരായ പ്രാഥമിക അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ കേരള ഹൈക്കോടതി നിർദേശിച്ചു. ഹർജിക്ക് പൊതുതാത്പര്യ സ്വഭാവമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ രജിസ്ട്രിക്ക് നിർദേശം നൽകിയത്.
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന പൗരൻ എന്ന നിലയിലാണ് അഡ്വ. കെ.എം. ഷാജഹാൻ ഹർജി സമർപ്പിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാദിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പരാതി നൽകിയവർ ജീവിച്ചിരിപ്പില്ലെന്നും ഹർജിക്കാരന് പുനർജനി പദ്ധതിയുമായി ബന്ധമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ തള്ളിയതാണെന്നും സർക്കാർ വാദിച്ചു.
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന പൗരൻ എന്ന നിലയിൽ കോടതിയെ സമീപിക്കാനാകുമെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, ഹർജിയുടെ സ്വഭാവം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
2018 ഒക്ടോബറിൽ സ്വകാര്യ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ വി.ഡി. സതീശൻ 22,500 പൗണ്ട് പിരിച്ചെടുത്തതായും ഇത് വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെയും നിയമസഭാംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പിരിച്ചെടുത്ത തുക മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ. അക്കൗണ്ടിലേക്ക് മാറ്റിയതായും ഹർജിയിൽ പറയുന്നു.
ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ 1.22 കോടി രൂപയുടെ സംശയാസ്പദ ഇടപാടുകൾ നടന്നതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img